കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെടിഎംസിസി) പത്താമത് ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ നാലിന് സംഘടിപ്പിക്കും. എൻഇസികെ അങ്കണത്തിൽ വിവിധ വേദികളിലായി രാവിലെ എട്ടിന് മത്സരം ആരംഭിക്കും.
എൻഇസികെയിലും അഹമ്മദി സെന്റ് പോൾസിലും ഉൾപ്പെട്ട മാർത്തോമ്മ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 34 സഭകളിൽ നിന്നായി 500ൽ പരം മത്സരാർഥികൾ മാറ്റുരയ്ക്കും.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം, ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും.
മത്സരദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിൻ മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി മൂന്ന് ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാർവെസ്റ്റ് ടിവി തത്സമയം സംപ്രേഷണം ചെയ്യും.